ഷില്ലോങ്: മേഘാലയയിലെ ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് തുറുപ്പുചീട്ടായി. അംപാട്ടി മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തിയതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. കര്‍ണാടകയില്‍ ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ചൂണ്ടിക്കാട്ടിയായിരിക്കും കോണ്‍ഗ്രസ് അവകാശ വാദവുമായി എത്താന്‍ സാധ്യത.
അറുപതംഗ നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 21 ആയി. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന ബി.ജെ.പി ഉള്‍പ്പെടുന്ന സര്‍ക്കാരാണ് ഇവിടെ നിലവില്‍ അധികാരത്തിലിരിക്കുന്നത്. 20 അംഗങ്ങളുള്ള എന്‍.പി.പി, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആറ് അംഗങ്ങളുടെയും നാല് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളുടെയും ബി.ജെ.പിയിലെയും എച്ച്.എസ്.പി.ഡി.പിയിലെയും രണ്ടു വീതം അംഗങ്ങളുടെയും സ്വതന്ത്ര അംഗം സാമുവല്‍ സാഗ്മയുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തിന് 31 സീറ്റ് വേണമെന്നിരിക്കേ സഖ്യകക്ഷികള്‍ക്ക് 35 അംഗങ്ങളുടെ പിന്തുണയുണ്ട്.

അംപാട്ടിയില്‍ കോണ്‍ഗ്രസിനെ മിയാനി ഡി. ഷിര ആണ് വിജയിച്ചത്. മുന്‍ മുഖ്യമന്ത്രി മുകുല്‍ സാഗ്മയുടെ മകള്‍. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ച സാംഗ്മ അംപാട്ടിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. ഈ സീറ്റില്‍ മകളെ നിര്‍ത്തി അദ്ദേഹം വിജയിപ്പിക്കുകയും ചെയ്തു. എന്‍.പി.പിയിലെ ക്ലെമന്റ് മോമിനെ 3191 വോട്ടുകള്‍ക്കാണ് ഷിര തോല്‍പ്പിച്ചത്.













