മുഹമ്മദ് അലി ജിന്നയെ ‘മഹാപുരുഷന്‍” എന്ന് വിശേഷിപ്പിച്ച്‌ ബി.ജെ.പി എം.പി


ന്യൂഡല്‍ഹി: പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയെ മഹാപുരുഷനെന്ന് വിശേഷിപ്പിച്ച്‌ ഉത്തര്‍പ്രദേശ് ബി.ജെ.പി എം.പി സാവിത്രി ഭായ് ഫുലേ രംഗത്തെത്തി. സ്വാതന്ത്ര്യ സമരത്തില്‍ ജിന്ന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് സാവിത്രി ഭായ് പറഞ്ഞു. അദ്ദേഹത്തെ പോലുള്ള മഹത് വ്യക്തികളുടെ ചിത്രങ്ങള്‍ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി എം.പി സതീഷ് ഗൗതം നേരത്തെ രംഗത്തെത്തിയിരുന്നു. ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ വൈസ് ചാന്‍സലര്‍ താരീക് മന്‍സൂറിനോട് വിശദീകരണം ആവശ്യപ്പെട്ട് സതീഷ് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി എം.പി സാവിത്രി ഭായ് രംഗത്തെത്തിയത്.


രാജ്യത്തിന് വേണ്ടി പോരാടിയ മഹാനായിരുന്നു ജിന്ന. അദ്ദേഹം ബഹുമാനത്തോടെ സ്മരിക്കപ്പെടണമെന്നും എം.പി അഭിപ്രായപ്പെട്ടു. എന്നാല്‍ ജിന്നയുടെ പേരിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ദളിത് പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ച്‌ വിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി മുഹമ്മദ് അലി ജിന്നയെ ‘മഹാപുരുഷന്‍’ എന്ന് അഭിസംബോധന ചെയ്തിരുന്നു. പാകിസ്ഥാന്‍ സ്ഥാപിക്കുന്നതിന് മുമ്ബ് ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ജിന്ന. അദ്ദേഹത്തിന് നേരെ വിരള്‍ ചൂണ്ടുന്നത് നമുക്ക് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Sharing is Caring