മുടി വടിച്ചുമാറ്റി സ്വര്‍ണ്ണ മിശ്രിതം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം


നെടുമ്ബാശ്ശേരി: നെടുമ്ബാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നവര്‍ കുറവല്ല. ദിനംപ്രതി ഇവിടെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. പല രീതിയിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമം നടക്കുന്നത്. ഇപ്പോള്‍ വിഗില്‍ സ്വര്‍ണ്ണ മിശ്രിതം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം നടത്തിയിരിക്കുകയാണ് മലപ്പുറം സ്വദേശിയായ നൗഷാദ്.


ഒന്നേകാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. തലയുടെ മധ്യഭാഗത്തെ മുടി വടിച്ചുമാറ്റിയശേഷം അവിടെയാണ് സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. കറുത്ത പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞിരുന്നു. തിരിച്ചറിയാതിരിക്കാന്‍ സ്‌പൈക്ക് രൂപത്തിലുള്ള വിഗും ധരിച്ചിരുന്നു.
ഇയാളുടെ നീക്കങ്ങളില്‍ സംശയംതോന്നി വിശദമായി ചോദ്യംചെയ്തപ്പോഴാണ് തലമുടിക്കുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച വിവരം അറിയുന്നത്. സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്നതിനായി മിശ്രിതം കസ്റ്റംസ് ലാബിലേക്ക് അയച്ചു. ഷാര്‍ജയില്‍ നിന്നും എത്തിയതായിരുന്നു നൗഷാദ്.




Sharing is Caring