മുംബൈ: മഹാരാഷ്ട്രയിലെ കെഇഎം ആശുപത്രി കെട്ടിടം തകര്‍ന്നു വീണ് രണ്ട് രോഗികള്‍ക്ക് പരുക്കേറ്റു. ആശുപത്രിയുടെ ഡയാലിസിസ് സെന്ററിന്റെ സീലിംഗാണ് തകര്‍ന്നു വീണത്. ചികിത്സക്കായി എത്തിയ രണ്ട് രോഗികള്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
പരുക്കേറ്റ രോഗികള്‍ക്ക് ഗുരുതരമായ പരുക്കുകള്‍ ഒന്നും ഇല്ലെന്നും അവര്‍ ചികിത്സയിലാണെന്നും ഡോക്ടര്‍ അവിനാഷ് സൗപ്പ് പറഞ്ഞു. ആശുപത്രിയുടെ രണ്ടാം നിലയിലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ചികിത്സകള്‍ നടന്നു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി സീലിംഗ് തകര്‍ന്നു വീഴുകയായിരുന്നു.

ഡയാലിസിസ് സെന്റര്‍ ആശുപത്രിയുടെ മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗികളെയും അവിടേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദിനംപ്രതി 25 രോഗികളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. എട്ട് ബെഡുകളാണ് ഇവിടെ ഉള്ളത്. എന്നാല്‍ അപകടം നടന്നത് രാത്രി ആയതിനാല്‍ റൂമില്‍ അതികം രോഗികള്‍ ഉണ്ടായിരുന്നില്ല.












