മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി


തന്നോട് അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി.കോഴിക്കോട് ജെഎഫ്‌എംസി നാല് കോടതിയിലാണ് സുരേഷ് ഗോപി ഹാജരായത്.


ജാമ്യനടപടികള്‍ പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപി കോടതിയില്‍ ഹാജരായത്.കേസ് ഫ്രെയിം ചെയ്യുന്ന മുറയ്ക്ക് ഓപ്പണ്‍ കോടതിയില്‍ ഹാജരാവുമ്ബോള്‍ കേസിന്റെ കുറ്റപത്രം സുരേഷ് ഗോപിയെ വായിച്ച്‌ കേള്‍പ്പിക്കും. മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.


കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈവെച്ചു. ഈ ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടിമാറ്റി തന്റെ നീരസം അറിയിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ അത് നിരാകരിച്ചാണ് മാധ്യമപ്രവര്‍ത്തക കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തക കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.

തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പൊലീസ് ആക്‌ട് 119 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.



Sharing is Caring