മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കുന്ന കാലമാണിതെന്ന് ഷബ്നം ഹാഷ്മി; സ്ത്രീ സമരമുന്നണി സമാധാന സംവാദ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു

കോഴിക്കോട്: മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും നിയന്ത്രണത്തിലാക്കിയും ന്യായാധിപന്മാരെ ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ശബ്നം ഹാഷ്മി. ഫാസിസം വളരെ അടുത്തെത്തിയിരിക്കുന്നു എന്ന വസ്തുത നാം തിരിച്ചറിയണം. ഫാസിസത്തെ പ്രതിരോധിക്കാന്‍ വളെര കുറച്ച്‌ സമയമേ നമുക്ക് മുന്നിലൊള്ളൂ. രാജ്യത്ത് പരസ്പര വിദ്വേഷവും വെറുപ്പും കൂടിക്കൂടി വരികയാണ്.

ആള്‍ക്കൂട്ടകൊലപാതകങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളെയും സ്ഥാപനവത്കരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ കണ്ടുവരുന്നത്. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിച്ചവരാണ് ഇന്ത്യക്കാര്‍. എന്നാല്‍ മോദി ഭരണകാലത്തെ ഇപ്പോഴുള്ള അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിടുന്നതില്‍ രാജ്യത്ത് ഈ ഐക്യം കാണുന്നില്ല. ആള്‍ക്കൂട്ട അക്രമങ്ങള്‍ നടത്താനും അത് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച്‌ അഭിമാനം കൊള്ളുന്നവരുടെ വലിയൊരു കൂട്ടം രാജ്യത്ത് വളര്‍ന്ന് വരുന്നുണ്ട്.

ജനാധിത്യവും സര്‍ഗ്ഗാത്മകതയും ബഹുസ്വരതയും ഒന്നും രാജ്യത്ത് സ്വപ്നം കാണാന്‍പോലും പറ്റാതായിരിക്കുന്നു. എഴുത്തുകാരന്മാര്‍ക്കും പ്രതികരിക്കുന്നവര്‍ക്കും നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്വാമി അഗ്‌നിവേശിന് നേരെയുണ്ടായ അക്രമവും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നതും. കേരളത്തില്‍ ഇത്തരം അക്രമങ്ങളൊന്നും നടപ്പിലാകുന്നില്ല. അതിനാല്‍ തന്നെ ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത് ഇനി കേരളത്തെയാണ്. രാജ്യത്ത് ജനാധിപത്യും ബഹുസ്വരതയും നിലനിര്‍ത്തുന്നതിനായുള്ള പോരാട്ടത്തിന് ഇനിയൊട്ടും വൈകരുതെന്ന തീരുമാനത്തില്‍ നിന്നാണ് ഇത്തരമൊരു യാത്രക്ക് പ്രേരണയുണ്ടായതെന്നും ഷ്ബനം ഹാഷ്മി പറഞ്ഞു.

കാസര്‍കോഡ് നിന്നാരംഭിച്ച സമാധാന സംവാദ യാത്രയുടെ കേരള പര്യടനത്തിന് കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്ബസില്‍ ഇന്ന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 സ്ത്രീകളടങ്ങുന്ന സംഘം ഇന്നലെ കോഴിക്കോട് ജില്ലയിലെ സ്വീകരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചത്. കോഴിക്കോട് സര്‍വ്വകലാശാല ക്യാമ്ബസിലായിരുന്നു മലപ്പുറം ജില്ലയിലെ ആദ്യ സ്വീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *