മാഞ്ചസ്റ്രര്‍ റെയില്‍വേ സ്റ്രേഷനില്‍ മൂന്നു പേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം:പ്രതിയെ അറസ്റ്റ് ചെയ്തു


ലണ്ടന്‍: മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ ‘അള്ളാഹ്’ എന്ന് അലറി് വിളിച്ച്‌ ചുറ്റുമുണ്ടായിരുന്ന സ്ത്രീയെയും പുരുഷനെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും കുത്തി പരിക്കേല്‍പ്പിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആക്രമണം. സംഭവത്തെ കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ബ്രിട്ടീഷ് ഭീകരവിരുദ്ധ സ്ക്വാഡ്.


50വയസ്സിനടുത്ത് പ്രായമുള്ള ഒരു സ്ത്രീയെയും പുരുഷനുമായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റത്. സ്ത്രീയുടെ മുഖത്തും വയറിലുമായാണ് കുത്തേറ്റത്. പുരുഷനും സമാനമായ രീതിയില്‍ വയറിന് താഴെയാണ് കുത്തേറ്റതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് ഉദ്യോഗസ്ഥനും കുത്തേറ്റിരുന്നു.


ആക്രമിക്കുന്നതിന് മുന്‍പും ശേഷവും ഇയാള്‍ അള്ളാഹ് എന്നലറി വിളിക്കുന്നതായി ദൃക്സാക്ഷിയായ ബിബിസി റേഡിയോ പ്രൊഡ്യൂസര്‍ സാം ക്ലാക് വ്യക്തമാക്കി. ‘നിങ്ങള്‍ മറ്റു രാജ്യങ്ങളില്‍ ബോംബിടുമ്ബോള്‍ ഈ കളി ഇവിടെ തുടര്‍ന്നു കൊണ്ടിരിക്കും’ ആക്രമണം നടത്തിയ ആള്‍ പറഞ്ഞതായി സാം പറഞ്ഞു. കൊലപാതക ശ്രമത്തിന്റ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ കുത്തേറ്റവര്‍ക്ക് കാര്യമായ പരിക്കുകളുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിയുന്നത്ര വേഗത്തില്‍ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടു വരുമെന്ന് മാഞ്ചസ്റ്രര്‍ പൊലീസ് അറിയിച്ചു.



Sharing is Caring