മലപ്പുറത്ത് ഉംറ തീര്‍ത്ഥാടകരെ പറ്റിച്ച ട്രാവല്‍സ് ഉടമ അക്ബര്‍ അലി കീഴടങ്ങി


മലപ്പുറം: ഉംറ തീര്‍ത്ഥാടനത്തിന്‍റെ പേരില്‍ ലക്ഷങ്ങള്‍ തട്ടി മുങ്ങിയ മലപ്പുറം മേലാറ്റൂരിലെ ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സ് ഉടമ മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി കീഴടങ്ങി. ഈ ഏജന്‍സി വഴി മക്കയിലെത്തിയ 33 പേരുടെ മടക്കയാത്രാ ടിക്കറ്റ് റദ്ദാക്കി അക്ബര്‍ അലി പണം തട്ടിയെടുക്കുകയായിരുന്നു. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.


ഉംറ തീര്‍ത്ഥാടനത്തിനായി ഇവരോരുത്തരും 50000 മുതല്‍ ലക്ഷങ്ങള്‍ വരെ നല്‍കി കാത്തിരിക്കുകയായിരുന്നു. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുളള രേഖകളും ട്രാവല്‍ ഏജന്‍സിക്ക് നല്‍കി. എന്നാല്‍, പോകേണ്ട തീയ്യതിയെക്കുറിച്ചോ, യാത്രയുടെ വിശദാംശങ്ങളെക്കുറിച്ചോ ഒരറിയിപ്പും കിട്ടിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വഞ്ചിക്കപ്പെട്ടതായി ഇവര്‍ മനസ്സിലാക്കുന്നത്.


പാലക്കാട്ട് മാത്രം 45 പേരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ഓഫീസിലെത്തിയെങ്കിലും പൂട്ടിക്കിടക്കുകയായിരുന്നു. അക്ബര്‍ അലിയെ ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും ഇയാളെ കണ്ടുപിടിക്കുന്നതില്‍ മെല്ലെപ്പോക്കാണെന്ന ആരോപണത്തിലായിരുന്നു വഞ്ചിക്കപ്പെട്ടവര്‍.

അക്ബര്‍ അലിക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്സെടുത്തിരുന്നു. പൊലീസിടപെട്ട് ആളുകളുടെ പാസ്പോര്‍ട്ടും രേഖകളും ഓഫീസ് തുറന്ന് കണ്ടെടുത്ത് നല്‍കിയിരുന്നു. അക്ബര്‍ അലിയുടെ ട്രാവല്‍ ഏജന്‍സി വഴി ഉംറക്ക് പോയവര്‍ മക്കയില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാന്‍ ബന്ധുക്കള്‍ വിദേശകാര്യമന്ത്രാലത്തിന്‍റെ സഹായം തേടിയിരുന്നു. മലപ്പുറത്തും പാലക്കാട്ടുമുളളവരാണ് തട്ടിപ്പിനിരയായത്.



Sharing is Caring