മരടിലെ ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി


കൊച്ചി: മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും രാജ്യത്തെ മറ്റൊരുകോടതിയും പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.


നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിനെ കുറിച്ച്‌ അറിവില്ലേ എന്നും ഹൈക്കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു.
കുടിയൊഴിപ്പിക്കലിനെതിരെ നിങ്ങള്‍ എത്രയും പെട്ടെന്ന് സുപ്രീംകോടതിയെ സമീപിക്കൂ എന്നും കോടതി ഹര്‍ജിക്കാരോട് പറഞ്ഞു. നഷ്ടപരിഹാരം ആവശ്യമെങ്കില്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നിര്‍മാതാക്കളെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


കഴിഞ്ഞ ദിവസം ഇതേ ഹര്‍ജി പരിഗണിച്ച കോടതി സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹര്‍ജിക്കാരനെ അറിയിച്ചിരുന്നു.ഹര്‍ജി പരിഗണിക്കവെ നഗരസഭാ നടപടികള്‍ക്കെതിരെയും ഹൈക്കോടതി രൂക്ഷ പരാമര്‍ശം ആണ് നടത്തിയത്. ഫ്‌ളാറ്റ് ഒഴിപ്പിക്കുന്നതില്‍ മരട് നഗരസഭ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.



Sharing is Caring