മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന്റെ കേരളത്തിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും


എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന്റെ കേരളത്തിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും.ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുക. സിനിമയുടെ പ്രീ റിലീസ് പരിപാടി ഇന്ന് കൊച്ചിയില്‍ നടക്കും.സിനിമയില്‍ വില്ലൻ വേഷത്തിലാകും മമ്മൂട്ടി എത്തുക എന്നാണ് റിപ്പോർട്ട്.


മമ്മൂട്ടി കമ്ബനി പുറത്തുവിട്ട അഭിമുഖത്തില്‍ നടനും അത്തരം സൂചനയാണ് നല്‍കിയത്. ‘കളങ്കാവലി’ലെ തന്റെ കഥാപാത്രം ‘നല്ല മനുഷ്യനല്ല’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന വിനായകനെ പുകഴ്ത്തുകയും ചെയ്തു. വിനായകൻ മാറ്റമാണ്. ‘കളങ്കാവലി’ലെ വേഷം വിനായകനും കാണികള്‍ക്കും മാറ്റമായിരിക്കും.


വിനായകന് സിനിമയില്‍ തുടരാനായത് കഠിനാധ്വാനം കൊണ്ട് മാത്രമാണെന്നുമായിരുന്നു പ്രശംസ.ജിഷ്ണു ശ്രീകുമാറും സംവിധായകൻ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. യു എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.



Sharing is Caring