മന്ത്രിമാറ്റ തർക്കത്തിൽ യോജിച്ച് നീങ്ങാൻ തീരുമാനിച്ച് എ കെ ശശീന്ദ്രനും തോമസ് കെ തോമസും. ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് നീങ്ങാനാണ് നീക്കം. ഇതോടെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള എ കെ ശശീന്ദ്രൻ-തോമസ് കെ തോമസ് തർക്കം തീരുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നലെ തിരുവനന്തപുരത്തായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. രണ്ട് വട്ടമാണ് ഇവർ തമ്മിലുള്ള ചർച്ചകൾ നടന്നത്. ഇവരുടെ നീക്കത്തിന് എൽഡിഎഫിൻ്റെ പിന്തുണയുണ്ട്.
മന്ത്രി സ്ഥാനത്തെ ചൊല്ലി നേരത്തെ എൻസിപിയിൽ തർക്കം രൂക്ഷമായിരുന്നു. എ കെ ശശീന്ദ്രനോട് മന്ത്രിസ്ഥാനം രാജിവെയ്ക്കാൻ ശരദ് പവാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ഒരു ആവശ്യം ശരദ് പവാർ ഉന്നയിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു. തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യമില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

തോമസ് കെ തോമസിനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ശരദ് പവാർ, മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ കഴിയും വരെ കാത്തിരിക്കാനായിരുന്നു മറുപടി. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും വിഷയത്തിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ശരദ് പവാറിനെ നേരിൽ കണ്ട് മന്ത്രിയാകാനുള്ള നീക്കം തോമസ് കെ തോമസ് വീണ്ടും നടത്തിയത്.മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടാണെന്നും എൻസിപി നേതാവ് തോമസ് കെ തോമസ് എംഎൽഎ നേരത്തെ പ്രതികരിച്ചിരുന്നു.
പലവട്ടം ചർച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നായിരുന്നു തോമസ് കെ തോമസിൻ്റെ പ്രതികരണം. മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോൾസ് മോർത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു തോമസ് കെ തോമസിൻ്റെ പ്രതികരണം.













