മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് 1.1 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ ഗൗതം അദാനി. ഇത് സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി.ഭോപ്പാലില്‍ നടക്കുന്ന മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വ്യാവസായിക, സാമ്ബത്തിക വളര്‍ച്ചയില്‍ മധ്യപ്രദേശിനെ രാജ്യത്തെ മുന്‍നിരയില്‍ എത്തിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്ന ഒരു ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട് സിറ്റി, വിമാനത്താവള പദ്ധതി, കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ പദ്ധതി എന്നിവയ്ക്കുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2030 ആകുമ്ബോഴേക്കും മധ്യപ്രദേശില്‍ 1,20,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പമ്ബ്ഡ് സ്റ്റോറേജ്, സിമന്റ്, ഖനനം, സ്മാര്‍ട്ട് മീറ്ററുകള്‍, താപ ഊര്‍ജ്ജ മേഖലകളിലായി 1.1 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും അദാനി കൂട്ടിച്ചേര്‍ത്തു.’ഇവ വെറും നിക്ഷേപങ്ങളല്ല. ഒന്നിച്ചുള്ള യാത്രയിലെ നാഴികക്കല്ലുകളാണ്. വ്യാവസായിക, സാമ്ബത്തിക വളര്‍ച്ചയില്‍ മധ്യപ്രദേശിനെ ഒന്നാമത് എത്തിക്കാനാണ് ഈ യാത്ര.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിലുള്ള നമ്മുടെ ആഴത്തിലുള്ള ആത്മവിശ്വാസവും ഈ സംസ്ഥാനത്തിന്റെ അസാധാരണമായ ഉയര്‍ച്ചയോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയും അവ പ്രതിഫലിപ്പിക്കുന്നു,’ അദാനി പറഞ്ഞു.ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ്, മറ്റ് മേഖലകള്‍ എന്നിവയിലായി അദാനി ഗ്രൂപ്പിന് കീഴിലുള്ള തുറമുഖ-ഊര്‍ജ്ജ കമ്ബനി സംസ്ഥാനത്ത് ഇതിനകം 50,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നിക്ഷേപങ്ങള്‍ 25,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എന്നാല്‍ നമ്മുടെ യാത്ര ഇവിടെ അവസാനിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം രാജ്യത്തെ പുനര്‍നിര്‍മ്മിച്ചുവെന്നും ഒരുകാലത്ത് ആഗോള പ്രവണതകളെ പിന്തുടര്‍ന്നിരുന്ന ഒരു രാഷ്ട്രത്തില്‍ നിന്ന് ഇപ്പോള്‍ അവയെ നിര്‍വചിക്കുന്ന ഒന്നാക്കി മാറ്റിയെന്നും അദാനി അവകാശപ്പെട്ടു. ഇന്ത്യയുടെ ആത്മവിശ്വാസം മുമ്ബൊരിക്കലും ഇത്രയധികം ഉയര്‍ന്നിട്ടില്ല.













