തിരുവനന്തപുരം: വിമാനത്താവളത്തിലെ യാത്രികരുടെ വിവരങ്ങള്‍ ചോര്‍ത്തി മദ്യം മറിച്ചുവിറ്റ് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തട്ടിപ്പിന് ഒത്താശ ചെയ്തുകൊടുത്തതായി ആരോപിക്കപ്പെടുന്ന കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജിന്റെയും പ്രതിസ്ഥാനത്തുള്ള പ്ലസ് മാക്‌സ് ജീവനക്കാരുടേയും ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും ഫോണ്‍ സന്ദേശങ്ങളുമാണ് ലഭിച്ചിട്ടുള്ളത്. ലൂക്ക് ഒളിവിലാണ്.
മലേഷ്യ ആസ്ഥാനമായുള്ള പ്ലസ് മാക്‌സ് കമ്പനിക്കായിരുന്നു തിരുവനന്തപുരത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നടത്തിപ്പ് ചുമതല. കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും പിടിയിലാവുകയും ചെയ്ത ജീവനക്കാരടക്കമുള്ളവരുമായി ലൂക്ക് വിനോദയാത്ര നടത്തുന്നതിന്റെ ചിത്രങ്ങളാണ് അന്വേഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ മൊഴിനല്‍കാന്‍ ഹാജരാകണമെന്ന അറിയിപ്പ് പല തവണ നല്‍കിയിട്ടും ഹാജരാകാതിരുന്ന ലൂക്കിനെതിരെ കസ്റ്റംസ് വകുപ്പ്തല നടപടിയെടുത്തിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഇയാളെ കൊല്ലത്തേക്ക് മാറ്റി.

ലൂക്കും പ്ലസ് മാക്‌സും തമ്മില്‍ സാമ്പത്തിക ഏര്‍പ്പാടുകളുണ്ടായിരുന്നതിനുള്ള തെളിവുകള്‍ കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇയാളുടെ കാറിന്റെ വായ്പ പ്ലസ് മാക്‌സ് അധികൃതര്‍ അടച്ചിരുന്നെന്ന് വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ശബ്ദസന്ദേശങ്ങളും അന്വേഷകര്‍ക്ക് കിട്ടി.













