മണിപ്പൂര്‍ കലാപത്തെക്കുറിച്ച്‌ സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ്


മണിപ്പൂര്‍ കലാപത്തെക്കുറിച്ച്‌ സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കി.ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് പ്രമേയം അംഗീകരിച്ചത്.


ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന സാഹചര്യത്തെക്കുറിച്ചും യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളും ഉന്നയിക്കണമെന്നും പ്രമേയത്തില്‍ പറഞ്ഞു.


പ്രമേയം അവതരിപ്പിക്കാതിരിക്കാന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.മണിപ്പൂരിലെ സംഭവങ്ങളെക്കുറിച്ച്‌ ശക്തമായ ഭാഷയിലാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം.

ഹിന്ദുഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കലാപത്തിനു പിന്നിലെന്നും പ്രമേയം കുറ്റപ്പെടുത്തി. 120 പേരോളം മരിക്കുകയും അരലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാകുകയും ചെയ്ത കലാപത്തില്‍ 250 ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിച്ചതായും പ്രമേയത്തില്‍ പറയുന്നു.

ഇന്റര്‍നെറ്റ് നിരോധനം അവസാനിപ്പിക്കാനും സംഘര്‍ഷങ്ങളില്‍ സ്വതന്ത്രാന്വേഷണം നടത്താനും യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. വെനസ്വേല, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കി.



Sharing is Caring