മണിപ്പൂരിലെ ഒമ്ബത് ജില്ലകളില്‍ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു


മൂന്നാഴ്ചയ്ക്കു ശേഷം മണിപ്പൂരിലെ ഒമ്ബത് ജില്ലകളില്‍ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. അതേസമയം പൊതു നിയമത്തിനും ഭീഷണിക്കും കാരണമാകുന്ന പ്രവർത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാൻ സർക്കാർ എല്ലാ ഇൻ്റർനെറ്റ് ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.


ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബല്‍, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ, ജിരിബാം, ഫെർസാവല്‍ എന്നീ ജില്ലകളിലാണ് ഇൻ്റർനെറ്റ് സേവനങ്ങളുടെ നിരോധനം പിൻവലിച്ചത്.


നിലവിലെ ക്രമസമാധാന നിലയും ഇൻ്റർനെറ്റ് സേവനങ്ങളുടെ പൊതുവായ പ്രവർത്തനവുമായുള്ള സാധ്യമായ പരസ്പര ബന്ധവും അവലോകനം ചെയ്ത ശേഷമാണ് ഇന്റർനെറ്റ് സേവനങ്ങള്‍ പുനഃസ്ഥാക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര കമ്മീഷണർ എൻ അശോക് കുമാർ പറഞ്ഞു.

രണ്ടാഴ്ചയോളം മണിപ്പൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരുന്നു. ജിരിബാമില്‍ സുരക്ഷാ ഉദ്യോഗസ്ഥരും കുക്കി-സോ വിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായതോടെ നവംബർ 16 നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. നവംബർ 23 ന് ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിച്ചു.



Sharing is Caring