ഭീകരതയും സംഘര്‍ഷങ്ങളും ഇല്ലാത്ത സുരക്ഷിതവും സ്ഥിരതയാര്‍ന്നതും സുദൃഡവും വികസനോന്മുഖവുമായ ദക്ഷിണേഷ്യയെ കെട്ടിപ്പെടുക്കാന്‍ പുതുതായി രൂപീകരിക്കുന്ന പാക്കിസ്ഥാന് സര്‍ക്കാരിനു കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യ. പാക്കിസ്ഥാന് പൊതുതെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഇന്ത്യ. തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ച പാക് ജനതയെ അഭിനന്ദിക്കുന്നതായും ഇന്ത്യന്‍ വിദേശകാര്യ വക്താവ് പറഞ്ഞു.
പാക്കിസ്ഥാന് പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് നായകന് ഇമ്രാന് ഖാന് നയിക്കുന്ന പാക്കിസ്ഥാന് തെഹ്റീക് ഇ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയാണ് വലിയ ഒറ്റകക്ഷിയായത്. 272 പാര്‍ലമെന്റ് സീറ്റുകളില്‍ 116-ലും ഇമ്രാന്റെ പാര്‍ട്ടി വിജയിച്ചു. എന്നാല്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 137 സീറ്റുകള്‍ സ്വന്തമാക്കാന്‍ പിടിഐക്ക് സാധിച്ചില്ല. ചെറുകക്ഷികളെ ചേര്‍ത്ത് ഇമ്രാന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ നടത്തിയ പ ത്രസമ്മേളനത്തില്‍ ഇമ്രാന് ഇന്ത്യയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. കാഷ്മീരാണ് അയല്ബന്ധത്തിലെ പ്രധാനപ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ തയാറാണ്. ഇന്ത്യ ഒരു ചുവടു വച്ചാല്‍ പാക്കിസ്ഥാന് രണ്ടു ചുവടു വയ്ക്കും. പക്ഷേ, ആ ഒരു ചുവടുവയ്പിന് ഇന്ത്യ തയാറാകണം- അദ്ദേഹം പറഞ്ഞു. ഇന്ത്യ- പാക് ബന്ധം മെച്ചപ്പെടുത്താന്‍ മാത്രമല്ല, തെക്കനേഷ്യയുടെ മുഴുവന്‍ സമാധാനത്തിനും ഏക പോംവഴി ചര്‍ച്ച മാത്ര മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനോട് ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യ തയാറായിരുന്നില്ല.













