ഭീകരബന്ധമുണ്ടെന്ന് സംശയിച്ച് ചൈന അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു


ബീജിംഗ്: ഭീകരബന്ധമുണ്ടെന്ന് സംശയിച്ച് ചൈന അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു. ദില്ലിയില്‍ ബിസിനസുകാരനായ രാജീവ് മോഹന്‍ കുല്‍ശ്രേഷ്ഠ(46)യാണ് മോചിപ്പിക്കപ്പെട്ട ശേഷം ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവളം വരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അനുഗമിച്ചു.


ഈ മാസം പത്തിനാണ് കുല്‍ശ്രേഷ്ഠ അടക്കം വിവിധ രാജ്യങ്ങളിലെ 20 പൗരന്മാരെ ചൈന പിടികൂടിയത്. ചൈനയില്‍ 47 ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ സംഘത്തെ ഇര്‍ദോസിലെ ഇന്നര്‍ മംഗോളിയന്‍ സിറ്റിയിലുള്ള വിമാനത്താവളത്തില്‍ വച്ചായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. അഞ്ച് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളേയും മൂന്ന് ബ്രിട്ടണ്‍ സ്വദേശികളേയും ഒരു ഇന്ത്യന്‍ സ്വദേശിയേയുമാണ് തടവില്‍ വച്ചിരുന്നത്. മറ്റു പതിനൊന്ന് പേരെ അപ്പോള്‍ തന്നെ വിട്ടയച്ചിരുന്നു.


കുല്‍ശ്രേഷ്ഠയ്‌ക്കെതിരെ കേസുകളൊന്നും തന്നെ ചുമത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സംഘത്തിനൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ഭീകരബന്ധം ഉണ്ടെന്ന സംശയത്തില്‍ എല്ലാവരെയും പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ചൈനയിലേക്ക് യാത്ര സംഘടിപ്പിച്ച സൗത്ത് ആഫ്രിക്കന്‍ ചാരിറ്റി സംഘടനയായ ഗിഫ്റ്റ് ഒഫ് ഗിവേഴ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചു.



Sharing is Caring