ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം


കോഴിക്കോട്: ബ്രൂവറികള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. അഴിമതിയില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്‌. ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കിയ മന്ത്രി ടിപി രാമകൃഷ്ണന്‍ രാജിവെക്കണമെന്നും ആവശ്യം. യൂത്ത് കോണ്‍ഗ്രസ്. പാര്‍ലമെന്റ മണ്ഡലം പ്രസിഡണ്ട് ജെയ്‌സണ്‍ അത്തോളി. സംസ്ഥാന സെക്രട്ടറി ആദം മുല്‍സി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.


അതേസമയം ബ്രൂവറി വിവാദത്തില്‍ സിപിഐഎം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. 2003ല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറിയ്ക്ക് ലൈസന്‍സ് നല്‍കിയെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ആരോപണം. എന്നാല്‍ 98ല്‍ നായനാര്‍ സര്‍ക്കാര്‍ ഇതിനുള്ള അനുമതി നല്‍കിയതിനുള്ള രേഖകള്‍ പുറത്ത് വന്നതോടെ സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന എകെ ആന്റണിയോട് സിപിഐഎം നേതാക്കള്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു.


രേഖകള്‍ സഹിതം എല്‍ഡിഎഫ് വാദം തെറ്റാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങള്‍ വീണ്ടും ശക്തമാക്കി. വന്‍ അഴിമതിയാണ് ബ്രൂവറി ഇടപാടില്‍ നടന്നിട്ടുള്ളതെന്നും 48 മണിക്കൂര്‍ കഴിഞ്ഞിട്ടും താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ മന്ത്രിയ്ക്ക് മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാകണം. മുന്‍പും ബ്രൂവറിയ്ക്ക് അനുമതി നല്‍കിയതിന്റെ ഉത്തരവാദിത്വം ഇടതുസര്‍ക്കാരിന്റെ കാലത്ത് തന്നെയാണെന്ന് ബോധ്യപ്പെട്ടതോടെ സിപിഎം വിഷയത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.



Sharing is Caring