ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ 42 ഇന്ത്യക്കാരിൽ മലയാളികളും


ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍ 24 ഇന്ത്യക്കാര്‍. ഇതില്‍ മൂന്നുപേര്‍ മലയാളികളാണ്. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. രണ്ട് രാജ്യത്തുമായി ഇപ്പോള്‍ 42 ഇന്ത്യക്കാരാണ് തടവിലുള്ളത്. ഇതില്‍ ആറുപേര്‍ മലയാളികളാണ്. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി അറിയിച്ചു.


ഗള്‍ഫ് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി ഈ മാസം നാലിനാണ് ജിബ്രാള്‍ട്ടറില്‍ വച്ച്‌ ഇറാന്‍ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തത്. ഇതിലെ ജീവനക്കാരുടെ വിവരം ഇതുവരെ പുറത്തുവന്നിരുന്നില്ല. മൂന്ന് മലയാളികളെക്കുറിച്ച്‌ ഇന്നലെ വന്ന വാര്‍ത്തകളാണ് കൂടുതല്‍ ഇന്ത്യക്കാരുടെ വിവരം പുറത്തെത്തിച്ചത്. ഇറാന്‍ കപ്പലില്‍ ആകെയുള്ള 28 ജീവനക്കാരില്‍ 24 ഉം ഇന്ത്യക്കാരാണ്.


ഇറാന്‍ പിടിച്ചുവെച്ച ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരുണ്ട്. രണ്ട് കപ്പലിലുമായി ആകെ 42 ഇന്ത്യക്കാര്‍. രണ്ടിലും മൂന്ന് വീതം മലയാളികളുമുണ്ട്. എറണാകുളം സ്വദേശികളായ മൂന്ന് പേരുടെ മോചനം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം. പി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

മുഴുവന്‍ ഇന്ത്യക്കാരെയും സുരക്ഷിതമായി മോചിപ്പിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.



Sharing is Caring