കൊച്ചി: പെരുന്പാവൂരിനടുത്ത് മണ്ണൂരിലെ പ്ലൈവുഡ് കന്പനിയില്‍നിന്നു പോലീസ് പിടികൂടിയ മൂന്നു ബോഡോ തീവ്രവാദികളെ ഇന്ന് ആസാം പോലീസിനു കൈമാറും. ഇതിനായി മൂന്ന് വീതം എസ്ഐമാരും കോണ്‍സ്റ്റബിള്‍മാരുമടങ്ങുന്ന ആസാം പോലീസ് സംഘം ഉച്ചയോടെ വിമാനമാര്‍ഗം നെടുന്പാശേരിയില്‍ എത്തിച്ചേരും. പിന്നീട് പ്രതികളെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിസ്റ്റ് വാറണ്ട് വാങ്ങിയശേഷം ആസാമിലേക്കു കൊണ്ടുപോകാനാണു നിലവിലെ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.
നിരോധിക്കപ്പെട്ട നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളും ആസാം സ്വദേശികളുമായ ദുംകേതു ബ്രഹ്മ ദലാങ്ങ് (35), പ്രിതം ബസുമതാരി (25), മനു ബസുമതാരി (24) എന്നിവരെ ഇവര്‍ താമസിച്ചിരുന്ന മണ്ണൂര്‍ കുഴൂരിലുള്ള കന്പനിയും പരിസരവും വളഞ്ഞു തന്ത്രപരമായാണു പോലീസ് കുടുക്കിയത്. ബുധനാഴ്ച രാത്രിയിലായിരുന്നു പോലീസ് ഓപ്പറേഷന്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ആസാം പോലീസുമാണു തീവ്രവാദികളെക്കുറിച്ചു കേരള പോലീസിനു വിവരം നല്‍കിയത്. ചോദ്യം ചെയ്യലില്‍ സംഘത്തില്‍പ്പെട്ട കൂടുതല്‍ ആളുകള്‍ കേരളത്തിലെത്തിയിട്ടില്ലെന്നാണു വിവരമെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ മൂവരുടെയും ഭാഷ അധികൃതരെ കുഴപ്പിക്കുന്നുണ്ട്. വര്‍ഷങ്ങളോളം ആയുധ പരിശീലനം ലഭിച്ചവരാണു പിടിയിലായ തീവ്രവാദികള്‍. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വേഷം മാറി ദിവസങ്ങളോളം കന്പനി പരിസരം നിരീക്ഷിച്ചു.
അറസ്റ്റ് നടക്കുന്പോള് അന്‍പതോളം പോലീസുകാര്‍ മഫ്തിയില്‍ കന്പനിക്കകത്തും പുറത്തുമായുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ മലന്പനി രോഗ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെന്നും വിറക് ശേഖരിക്കാന്‍ എത്തിയവരെന്നും പറഞ്ഞാണു പോലീസ് കന്പനിയില്‍ എത്തിയത്.
പിടിയിലായവര്‍ക്കെതിരേ യുഎപിഎയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഐപിസി 121, 122,120 (ബി) വകുപ്പുകളും ചുമത്തി കേസെടുത്തു. ആസാമില്‍നിന്നു ഹൈദരാബാദ് വഴി കൊച്ചിയിലെത്തിയ മൂവരും ഒരു മാസത്തോളം പെരുന്പാവൂരില്‍ താമസിച്ചശേഷം മൂന്നാഴ്ച മുന്‍പാണു കുഴൂരിലുള്ള പ്ലൈവുഡ് കന്പനിയില്‍ ജോലിക്കായി കയറിയത്. ഇവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളും മൊബൈല്‍ ഫോണുകളും ബാഗുകളും പിടികൂടിയിട്ടുണ്ട്.
ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ക്യുആര്‍ടി ടീം, സ്പെഷല്‍ സ്ക്വാഡ്, സ്പെഷല്‍ ബ്രാഞ്ച് എന്നീ വിഭാഗങ്ങളും കുന്നത്തുനാട് പോലീസ് അധികൃതരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.












