ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒട്ടും പ്രതീക്ഷയില്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മദ്ധ്യപ്രദേശ്. എന്നാല്‍ ഫലം പുറത്തുവന്നതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. ഇതോടെ ബി.ജെ.പിക്ക് നഷ്ടമായത് 15 വര്‍ഷത്തെ ഭരണമായിരുന്നു.
ഭരണത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബി.ജെ.പിയെ ഞെട്ടിച്ചു. ഇത് ജനങ്ങള്‍ക്ക് സര്‍ക്കാരിന്‍മേലുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും മുന്‍ എം.എല്‍.എമാരും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. മുതിര്‍ന്ന നേതാവും മുന്‍ എം.എല്‍.എയുമായ രമേശ് സക്സേനയും ഭാര്യ ഉഷയുമാണ് ഇപ്പോള്‍ ബി.ജെ.പി പാളയം വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളും എം.എല്‍.എമാരും കോണ്‍ഗ്രസിലേക്ക് കൂടുമാറുമെന്നാണ് മുഖ്യമന്ത്രിയായ കമല്‍നാഥ് നല്‍കുന്ന വിശദീകരണം.

മദ്ധ്യപ്രദേശിലെ സേഹോര്‍ മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചയാളാണ് സക്സേന. പാര്‍ട്ടി വിട്ട് സക്സേനയുടെ പോക്ക് ബി.ജെ.പിക്ക് കൂടുതല്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് രമേശ് സക്സേനയും ഭാര്യ ഉഷയും കമല്‍നാഥിന്റെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇവരോടൊപ്പം മഹിളാ മോര്‍ച്ച ജില്ലാ നേതാവ് പ്രേമലത റാത്തോഡ് സേഹോര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉര്‍മിള മരീത എന്നിവരും കോണ്‍ഗ്രസില്‍ അംഗത്വം എടുത്തിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട ബി.ജെ.പിയുടെ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ അവസ്ഥ പരുങ്ങലിലാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.













