കൊച്ചി: ബാര്‍ കോഴക്കേസില്‍ മാണിയെ രക്ഷിക്കാന്‍ ഗുഢാലോചന നടക്കുന്നുവെന്ന് കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ പി സതീശന്‍. ബാര്‍ കോഴക്കേസില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കേസിന്റെ തുടക്കം മുതല്‍ മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വന്നു കണ്ടിരുന്നു. മറ്റൊരു തരത്തില്‍ കേസ് അന്വേഷിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞതാണ്. കേസ് നേരാംവണ്ണം അന്വേഷിച്ചിരുന്നെങ്കില്‍ മാണി കുറ്റക്കാരനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാറുടമകളുടെ ശബ്ദരേഖ അടങ്ങിയ സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് അഹമ്മദാബാദിലെ ലാബില്‍ നിന്ന് റിപ്പോര്‍ട്ട് വന്നത് തിരിച്ചടിയാകുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആശങ്ക. എന്നാല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഡിറ്റു ചെയ്യാത്ത ശബ്ദരേഖയുടെ കോപ്പിയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. എഡിറ്റു ചെയ്തതാണ് നേരത്തേ പരിശോധനക്ക് അയച്ചത്. എഡിറ്റ് ചെയ്യാത്തത് വീണ്ടും പരിശോധനക്ക് അയക്കണമെന്ന് താന്‍ നിയമോപദേശം നല്‍കിയിരുന്നു. അത് അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴവാങ്ങിയത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാണി മുഖ്യമന്ത്രിയായിരിക്കെ ബാര്‍ തുറക്കാന്‍ കോഴവാങ്ങിയെന്ന് ആരോപിച്ച് അബ്കാരി ബിജു രമേശ് നല്‍കിയ പരാതിയിലാണ് കെ.എം മാണി അന്വേഷണം നേരിട്ടത്. യു.ഡി.എഫ് ഭരണകാലയളവില്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെയാണ് വിവാദമായ കേസ് കോടതിയില്‍ വരുന്നത്. അന്വേഷണം വിജിലന്‍സ് ഏറ്റെടുക്കുകയും മാണിയെ രണ്ടുതവണ വിജിലന്‍സ് കുറ്റവിമുക്തനാക്കിയും റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.













