ബഹുഭാര്യാത്വത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കും- സുപ്രീം കോടതി


ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച്‌ കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.


ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയുടെ അടക്കമുള്ള ആചാരങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു ഹര്‍ജികള്‍. ഒരു ഭാര്യ ഉണ്ടായിരിക്കെത്തന്നെ മുസ്ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. പുരുഷന്‍മാര്‍ക്കുള്ള ഈ അവകാശം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു.


ബന്ധം വേര്‍പെടുത്തിയ ശേഷം മുന്‍ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനാവില്ല. അതിന് സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച്‌, ബന്ധം വേര്‍പെടുത്തേണ്ടതുണ്ട്. നിക്കാഹ് ഹലാല എന്ന ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.



Sharing is Caring