ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്


കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കും.ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗിനെ മന്ത്രി വെല്ലുവിളിച്ചിരുന്നു. കെ.ടി.ജലീല്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നായിരുന്നു ആക്ഷേപം. നാളെയാണ് യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുക.


വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുള്ള പൊതുമേഖലാ ജീവനക്കാരനെ ഒഴിവാക്കി ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചെന്നാണ് ജലീലിനെതിരായ ആരോപണം. ബിരുദാനന്തര ബിരുദവും എംബിഎ‌യും പൊതുമേഖലാ സ്ഥാപനത്തിൽ ഉന്നത തസ്തികയിൽ 5 വർഷത്തിലേറെ ജോലിപരിചയവുമുള്ള ഉദ്യോഗാർഥിയെയാണ് ഒഴിവാക്കിയത്.


ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ഡെപ്യൂട്ടേഷന് വരുന്നതില്‍ തെറ്റില്ലെന്നാണ് ജലീല്‍ ഇക്കാര്യത്തില്‍ നല്‍കിയ വിശദീകരണം. കഴിഞ്ഞ തവണ സംസ്ഥാന കോ ഓപ്പററ്റീവ് ബാങ്കിന്റെ എംഡിയായി സ്വകാര്യ ബാങ്കില്‍ നിന്നാണ് ജോണ്‍ ഡാനിയേല്‍ എന്നയാളെ നിയമിച്ചത്. അവടെ അങ്ങനെ ആവാമെന്നും ഇവിടെ പാടില്ലെന്നും പറയുന്നതിന്റെ ന്യായമെന്താണെന്നുമാണ് ജലീല്‍ ചോദിച്ചത്.

കെ.എം.മാണി ധനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തതിന്റെ ഓഫീസിലേക്ക് സ്വകാര്യ ബാങ്കില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ തന്നെ ആളെ നിയമിച്ചിരുന്നു. വിജിലന്‍സ് ക്ലിയറന്‍സ് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ വന്ന ഒരാള്‍ക്ക് ബാധകമല്ല. സ്ഥാപന മേധാവിമാര്‍ക്ക് മാത്രമെ വിജിലന്‍സ് ക്ലിയറിന്‍സിന്റെ ആവശ്യവും ഉള്ളൂവെന്നും ജലീല്‍ പറഞ്ഞു.



Sharing is Caring