കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജോസഫ് കല്ലങ്ങറാട്ട് ജയിലില്‍ എത്തി കണ്ടു. 15 മിനിറ്റോളം ഇവരുടെ കൂടിക്കാഴ്ച നീണ്ടു നിന്നു. സഹായ മെത്രാന് ജേക്കബ് മുരിക്കനൊപ്പമാണ് ഇദ്ദേഹം ജയിലില്‍ എത്തിയത്.
പാലാ മജിസ്ട്രേറ്റ് കോടതിയാണ് ഫ്രാങ്കോയെ റിമാന്‍ഡില്‍ വിടാന്‍ ഉത്തരവിട്ടത്. അടുത്ത മാസം ആറ് വരെയാണ് റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. അതേസമയം, ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. പൊതുതാല്പര്യഹര്ജികള് ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.
കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന് ജെയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.














