ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള മറ്റ് രണ്ട് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. പൊലീസ് അന്വേഷണം സ്വതന്ത്രമായി നടക്കട്ടേയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.

അതേസമയം കസ്റ്റഡിയിലുള്ള ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധന, തെളിവെടുപ്പുള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് പൊലീസിന്‍റെ നടപടി. നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ബിഷപിന്റെ ലൈംഗികശേഷി പരിശോധനഫലവും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറും.

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്തത്. മൂന്ന് ദിവസം 20മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു നടപടി. രാത്രിയില്‍ തന്നെ കോട്ടയത്തെത്തിച്ച ബിഷപ്പിനെ ശനിയാഴ്ച ഉച്ചയ്ക്ക് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസ് ഗൗരവകരമെന്ന് നിരീക്ഷിച്ച കോടതി ബിഷപിന്‍റെ ജാമ്യാപേക്ഷ തള്ളി. തെളിവെടുപ്പിനും മറ്റുമായി രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ ആവശ്യം അംഗീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *