ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം


അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളും ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുകൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയതെന്നും അഡ്വ. സൊഹേബ് ഹുസൈന്‍ വഴി സമര്‍പ്പിച്ച 113 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു.
എന്നാല്‍ ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഇതുവരെ ആരും പട്ടിണി മൂലം മരിച്ചിട്ടില്ലെന്നും കേന്ദ്രം വിശദീകരിച്ചു. മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചതിനാല്‍, അത് കേന്ദ്രസര്‍ക്കാരിന് മാറ്റാന്‍ ആകില്ല. എന്നാല്‍ നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ആധാര്‍ മൊബൈല്‍ നമ്ബരുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. അതേസമയം, ആധാര്‍ സ്വകാര്യതയുടെ ലംഘനമണോയെന്ന കാര്യം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയാണ്.




Sharing is Caring