സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിച്ചെങ്കിലും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു.മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആർഡിഡി ഓഫീസിലേക്ക് കെ.എസ്.യു, എംഎസ്‌എഫ്, ഹരിത, എസ്‌എഫ്‌ഐ എന്നീ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രതിഷേധക്കാരെ നേരിടാൻ വലിയ പൊലീസ് കാവല്‍ ഇവിടങ്ങളില്‍ ഏർപ്പെടുത്തിയിട്ടുണ്ട്.മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
“മലപ്പുറത്ത് 20,000ത്തോളം സീറ്റുകള് ബാക്കിയുണ്ട്. ഒരു കുട്ടി തന്നെ രണ്ടും മൂന്നും സ്കൂളുകളില് അപേക്ഷിച്ചിട്ടുണ്ട്. അതാണ് അപേക്ഷകള് പെരുപ്പിച്ച് കാണിക്കുന്നത്. എല്ലാ കുട്ടികള്ക്കും പ്രവേശനം സര്ക്കാര് ഉറപ്പ് നല്കും. അവസാന അലോട്ട്മെന്റ് കഴിഞ്ഞാല് ഒരു കുട്ടിക്കും പുറത്ത് നില്ക്കേണ്ടി വരില്ല. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാല് സര്ക്കാര് ഹൈസ്കൂളുകള് ഹയര് സെക്കൻഡറി സ്കൂളുകളായി ഉയര്ത്തും. ഇക്കാര്യത്തില് മുഖ്യമന്ത്രി ഉറപ്പ് നല്കിയിട്ടുണ്ട്,” മന്ത്രി പറഞ്ഞു.














