ഷാര്‍ജ: കേരളത്തിലെ പ്രളയക്കെടുതിയില്‍പ്പട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ച ധനസഹായം കൈമാറി. ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക
ഉപദേഷ്ടാവ് സയ്ദ് മുഹമ്മദ് നാലുകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രവാസിക്ഷേമനിധി ബോര്‍ഡ് അംഗം കൊച്ചു കൃഷ്ണന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വൈ.എ. റഹീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ സര്‍ക്കാര്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 15 വര്‍ഷമായി തുടര്‍ന്നു വരുന്ന വിദേശ നയം മാറ്റേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 700കോടി രൂപയായിരുന്നു യുഎഇ കേരളത്തിന് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന് അറിയിച്ചിരുന്നത്.

യുഎഇയെ കൂടാതെ ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഐക്യരാഷ്ട്ര സഭയും സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അതും കേന്ദ്രം നിരസിക്കുകയായിരുന്നു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള കഴിവുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. 2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്.
സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും നിലപാടെടുത്തത്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയില്‍ ദുരന്തങ്ങളെ മറികടക്കുകയെന്നതാണ് ഇന്ത്യ പിന്തുടരുന്ന നയം. അതേസമയം, അമേരിക്ക, ചൈന, ജപ്പാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
സംസ്ഥാനത്ത് ആവശ്യമായ തുക നല്‍കാതെ മറ്റിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സഹായള്‍കൂടി തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. 2000കോടിയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്, എന്നാല്‍ കേന്ദ്രം അനുവദിച്ചത് വെറും 500കോടിരൂപയാണ്.
പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിനു സൗജന്യ അരി നല്‍കാനാവില്ലെന്ന നിലപാട് കേന്ദ്ര ഭക്ഷ്യമന്ത്രാലയം തിരുത്തിയിരുന്നു. അനുവദിച്ച അരിയുടെ വില ഈടാക്കില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ അറിയിച്ചു. കേരളം 1,80,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതു നല്‍കാനാവില്ലെന്നും 89,000 മെട്രിക്ക് ടണ്‍ അരി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷെ ഇതിനായി ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ കേരളം 228 കോടി രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സംഭവം വിവാദമായതോടെ പണം വേണ്ടെന്ന് പസ്വാന്‍ അറിയിക്കുകയായിരുന്നു.
പണം ഉടന്‍ നല്‍കേണ്ടെന്നൊരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കണം. സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈ തുക കുറച്ചശേഷമെ നല്‍കൂ എന്നും കേന്ദ്ര ഉത്തരവില്‍ പറഞ്ഞിരുന്നു.













