കല്‍പറ്റ: രാജ്യത്ത് പെരുകി വരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച അടൂര്‍ ഗോപാലവകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 50 ഓളം സിനിമാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി. മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം അക്രമിക്കുകയും ജയിലിലിടുകയും ചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.കേന്ദ്രസര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കുന്ന മാദ്ധ്യമങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ശ്രീരാമന്റെ പേര് ഇന്ത്യയില്‍ കൊലപാതകങ്ങള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 50 സിനിമാ പ്രവര്‍ത്തകര്‍ കത്തെഴുതിയത്. ബീഹാറിലെ മുസഫര്‍പൂര്‍ പൊലീസാണ് ഇവര്‍ക്കെതിര എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഴുത്തുകാരനായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണി രത്നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അപര്‍ണ സെന്‍
എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും വിഘടനവാദത്തെ പിന്തുണക്കുന്നതായും ആരോപിച്ച് അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി രണ്ടു മാസം മുമ്ബ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.













