തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സ്പീക്കര്‍ ഉയര്‍ത്തിയ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നും സഭാനടപടി ചട്ടങ്ങള്‍ പ്രകാരം പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അനുവദിച്ചു കൊടുത്തിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് വൈകാരിക പ്രകടനമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനങ്ങള്‍ വരുമ്പോള്‍ സ്പീക്കര്‍ പദവിയുടെ നിഷ്പക്ഷത കൂടുതല്‍ ബോധ്യപ്പെടുന്നു. സഭയില്‍ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും അംഗീകാരവും അതോടൊപ്പം വിമര്‍ശനങ്ങളും ഉണ്ടാവുക എന്നത് സ്പീക്കര്‍ പദവിയുടെ പ്രത്യേകതയാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായെ സംരക്ഷിക്കാനാകൂ. പ്രതിപക്ഷത്തിന് വൈകാരിക പ്രകടനങ്ങള്‍ക്കും വ്യത്യസ്തമായ പ്രതികരണങ്ങള്‍ക്കും താല്‍പ്പര്യമുണ്ടാകാം പ്രതിപക്ഷത്തിന്റെ ഇത്തരം ബോധ്യങ്ങളില്‍ താന്‍ അഭിപ്രായം പറയാനില്ല.

ശബരിമലയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് ബുധനാഴ്ച്ച അനുമതി ചോദിച്ചു. അടിയന്തര പ്രമേയം പരിഗണിക്കുന്നത് ചോദ്യത്തര വേളയ്ക്ക് ശേഷം ശൂന്യവേളയിലാണ്. എന്നാല്‍ ചോദ്യത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിനുമുന്നിലെത്തി ബഹളം വെക്കുകയായിരുന്നു. ചോദ്യം ഉന്നയിക്കാന്‍ വേണ്ടി ചോദ്യങ്ങള്‍ ക്ലബ്ബ് ചെയ്യാന്‍ നോട്ടീസ് നല്‍കിയവര്‍ പോലും ബഹളം വെക്കാന്‍ എത്തി.
വിമര്‍ശനങ്ങളോട് തനിക്ക് ഒട്ടും അസിഹിഷ്ണുതയില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുകയോ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഇക്കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പ്രതിപക്ഷ നേതാവോ അദ്ദേഹം ചുമതലപ്പെടുത്തിയവരോ സഭയില്‍ ഉന്നയിച്ച ഏതെങ്കിലും ഒരു വിഷയം ഉന്നയിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഒരു പക്ഷേ സഭാനടപടിക്രമങ്ങളുടെ അജണ്ട പൂര്‍ത്തീകരിച്ച ശേഷം പ്രതിപക്ഷ നേതാവ് വൈകി ഉന്നയിച്ച കാര്യങ്ങള്‍ പോലും പലപ്പോഴും ഉള്‍പ്പെടുത്തിയിട്ടേയുള്ളു. ഒരു പ്രത്യേക സന്ദര്‍ഭത്തിലെ വൈകാരിക വിക്ഷോഭത്തിന്റെയോ തോന്നലുകളുടെയൊ പുറത്താകാം ചെന്നിത്തലയുടെ വിമര്‍ശനം- സ്പീക്കര്‍ പറഞ്ഞു.













