നടന് നിര്‍മ്മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കടിയില്‍ വരുന്ന ചൊറിയന്‍ കമന്റുകള്‍ക്ക് ചുട്ട മറുപടിയാണ് താരം എപ്പോഴും കൊടുക്കാറ്. അത്തരത്തില്‍ ഒരു കമന്റ് താരം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പോസ്റ്റിനടിയിലും വന്നിട്ടുണ്ട്. അതിന് പതിവ് പോലെ തന്നെ നിര്‍മ്മല്‍ മറുപടിയും കൊടുത്തിരിക്കുയാണ്.
എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഈദ് മുബാറക്ക് എന്നാണ് താരത്തിന്റെ പോസ്റ്റ്. അതിന് താഴെ ‘പെരുന്നാള്‍ ആശംസ ഉണ്ണികുട്ടന്റെ നോമ്പ് പോലെ വിവാദമാകാതിരിക്കട്ടെ’ എന്നാണ് കമന്റ് വന്നത്. ഉടനെ തന്നെ നിര്‍മ്മല്‍ കമന്റിന് മറുപടിയും കൊടുത്തു. ‘വിവാദമാക്കുവാന്‍ ഞാന്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ല. എന്റെ വീട്ടിലെ എന്റെ സന്തോഷങ്ങള്‍ ഞാന്‍ എന്റെ പേജില്‍ പോസ്റ്റുമ്പോള്‍ അത് വിവാദമാക്കുന്നവരോട് ഒന്നും പറയാനില്ല’ എന്നാണ് താരം കൊടുത്ത മറുപടി.
ഇതിന് മുമ്പ് നിര്‍മ്മലിന്റെ മകനുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റില്‍ വിവാദ പരാമര്‍ശം നടത്തിയ വ്യക്തിക്കും താരം മറുപടി കൊടുത്തിരുന്നു. മകന്റെ റമദാന് അനുഭവമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അവരെല്ലാം തുമ്പ് ചെത്തിയിട്ടുണ്ട്. ലവനും ചെത്തുമോ ആവോയെന്നാണ് ഒരു സംഘപരിവാര്‍ പ്രൊഫൈല്‍ നിന്ന് വന്ന കമന്റ്. ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ, എന്നായിരുന്നു നിര്‍മ്മലിന്റെ മറുപടി. ഇയാള്‍ പിന്നീട് കമന്റ് ഡിലീറ്റ് ചെയ്തു. എന്ത് നോമ്പ് എടുത്താലും ഹിന്ദുക്കള്‍ (വിഗ്രഹാരാധകര്‍) കാഫിറുകള്‍ ആണെന്നും നരകത്തില്‍ പോകുമെന്നുമാണ് ഖുര്‍ആന്‍ പറയുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. ചേച്ചി സ്വര്‍ഗത്തില്‍ ആയിരിക്കില്ലേ അപ്പോ നരകമാണ് സേഫ് എന്ന് നിര്‍മ്മല്‍ മറുപടി പറഞ്ഞു.