മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. ഡീസൽ വിലയും തൊട്ടുപിന്നാലെ കുതിക്കുകയാണ്. പെട്രോൾ വില മുംബൈയിൽ ഇന്ന് 100 കടന്നു. നഗരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പെട്രോൾ വില 100 കടക്കുന്നത്. പെട്രോളിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വർദ്ധിച്ചത്. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 100.19 രൂപയാണ് വില
ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്.
ഡൽഹിയിൽ പെട്രോൾ വില 93.94 രൂപയായി വർദ്ധിച്ചപ്പോൾ കൊൽക്കത്തിയൽ 93.97 രൂപയ്ക്കാണ് പെട്രോൾ വിൽക്കുന്നത്. ചെന്നൈയിൽ പെട്രോൾ വില 95.51 രൂപയായി. രാജ്യത്ത് മെയ് മാസത്തിൽ ഡീസലിന്റെ വിലയും കുത്തനെ ഉയർന്നു. ഒരു ലിറ്റർ ഡീസലിന് 84.89 രൂപയാണ് ഡൽഹിയിൽ മുംബൈയിൽ 91.17 രൂപയും കൊൽക്കത്തയിൽ 87.74 രൂപയും ചെന്നൈയിൽ 89.65 രൂപയുമാണ് വില.

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പെട്രോൾ വില ഇതിനകം 100 രൂപ കടന്നിരുന്നു. രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും വില കൂടിയത് രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ്.
കേരളത്തിലും പെട്രോൾ വില സെഞ്ച്വറിയിലേക്ക് കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 95.92 രൂപയും ഡീസലിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 95.04 രൂപ പെട്രോളിനും ഡീസലിന് 89.46 രൂപയുമാണ് വില.












