പുനഃപരിശോധന ഹര്‍ജികളെ പിന്തുണക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; തന്ത്രപരമായി നീങ്ങാന്‍ നീക്കം


പത്തനംതിട്ട: ശബരിമല യുവതി പ്രവേശത്തില്‍ പുനഃപരിശോധന ഹര്‍ജികളെ പിന്തുണച്ച് തന്ത്രപരമായി നീങ്ങാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. പുനഃപരിശോധന ഹര്‍ജിയോ റിപ്പോര്‍ട്ടോ സമര്‍പ്പിക്കാതെ കോടതിയിലേ സാഹചര്യത്തിനനുസരിച്ച് നിലവിലുള്ള ഹര്‍ജികളെ ദേവസ്വം ബോര്‍ഡ് പിന്തുണച്ചേക്കും. ആചാരങ്ങളെ സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ആവര്‍ത്തിക്കുന്നത് ഈ നീക്കം കണക്ക്കൂട്ടിയാണ്


ശബരിമലയില്‍ വൈകാരിക മുതലെടുപ്പിനെ അതിജീവിക്കണമെങ്കില്‍ തന്ത്രപരമായി നീങ്ങണമെന്നാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നത്. യുവതിപ്രവേശത്തെ എതിര്‍ത്തുള്ള പുനപരിശോധന ഹര്‍ജികളില്‍ നിലപാട് ആരായുമ്പോള്‍ മാത്രമേ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കൂ. യുവതിപ്രവേശം എതിര്‍ക്കുന്ന സമീപനമാവും ദേവസ്വം ബോര്‍ഡ് സ്വീകരിക്കുക. പുനപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തില്‍ എടുക്കണമെന്ന് അപേക്ഷയും കോടതിക്ക് മുന്നില്‍ വെയ്ക്കാനാണ് ബോര്‍ഡ് ഉദ്ദേശിക്കുന്നത്. ശബരിമലയിലെ സാഹചര്യത്തേപ്പറ്റി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഉടന്‍ സുപ്രീംകോടതിയുടെ മുന്നിലെത്തും .


ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും വിശ്വാസികളുടെ വികാരങ്ങള്‍ പരിഗണിക്കണം എന്ന നിലപാട് എടുക്കുക . പുനപരിശോധന ഹര്‍ജി വരുമ്പോള്‍ അഭിഷേക് സിംഗ് വി തന്നെ നിലപാട് പറയുന്നതാകും ഉചിതമെന്ന സമീപനമാണ് ദേവസ്വം ബോര്‍ഡിലേ ചിലര്‍ക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവായ സിംഗ്‌വിയേ ഒഴിവാക്കണമെന്നാണ് മറ്റൊരു വിഭാഗത്തിനുള്ളത്. സിംഗ് വി താല്പര്യക്കുറവ് അറിയിച്ചിട്ടില്ലെന്നും ഹാജരാവാന്‍ ബുദ്ധിമുട്ടില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.



Sharing is Caring