പീഡനപരാതിയില്‍ ബിനോയി കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്


മുംബൈ: പീഡനപരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടായേക്കും.മുന്‍പ്, ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ് നല്‍കിയിരുന്നു. മുന്‍‌കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, വാദം തുടരുന്നതിനിടെ, ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ യുവതി ഹാജരാക്കിയിരുന്നു. ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച്‌ യുവതിയും കുഞ്ഞും ദുബായ് സന്ദര്‍ശിച്ച്‌ മടങ്ങിയത് തെളിയിക്കുന്ന പാസ്‌പോര്‍ട്ട് രേഖകളാണ് യുവതി ഇന്നലെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയ കാര്യവും യുവതിയുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങള്‍ക്കാണ് വിശദമായ മറുപടി പ്രതിഭാഗം ഇന്ന് നല്‍കുക.ഇരുവിഭാഗത്തിന്‍റെയും വാദവും സമര്‍പ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ജഡ്ജി എം എച്ച്‌ ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുക.




Sharing is Caring