പി ജയരാജനെതിരായ ‘കൊലയാളി’ പരാമര്‍ശം; കെ കെ രമ ഇന്ന് കളക്ടര്‍ക്ക് മുമ്ബാകെ ഹാജരാകും


കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമ കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് മുമ്ബാകെ ഇന്ന് 11 മണിക്ക് ഹാജരാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പരാതിയില്‍ പൊലീസും രമക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് ജില്ലാകളക്ടര്‍ക്ക് മുമ്ബാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രമയ്ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ജയരാജന്‍ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച്‌ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നാണ് കോടിയേരിയുടെ പരാതിയില്‍ പറയുന്നത്. രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.
അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച്‌ രമ ഉള്‍പ്പടെ ആര്‍എംപി മൂന്ന് നേതാക്കള്‍ക്കുമെതിരെ പി ജയരാജന്‍ വക്കീല്‍ നോട്ടീസും അയച്ചിരിരുന്നു. കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമാണ് പി ജയരാജന്‍റെ ആരോപണം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് പി ജയരാജനെ മത്സരിപ്പിക്കാനുള്ള നീക്കം വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ സര്‍വശക്തിയുമുപയോഗിച്ച്‌ എതിര്‍ക്കുമെന്ന് നേരത്തേ ആര്‍എംപി വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി യോഗത്തിന് ശേഷം വടകരയില്‍ നിന്ന് കെ കെ രമ മത്സരിക്കില്ലെന്നും പകരം യുഡിഎഫിനെ പിന്തുണയ്ക്കും എന്നുമായിരുന്നു ആര്‍എംപിയുടെ നിലപാട്.




Sharing is Caring