പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം


പശ്ചിമബം​ഗാളിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം. ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം. ഇന്നലെ സമരസമിതി നേതാക്കൾ സിബിഐ ഓഫീസിലെത്തി അന്വേഷണ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.


അതേസമയം മെഡിക്കൽ കോളേജ്‌ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായ ഇന്നും ചോദ്യം ചെയ്യും. ഘോഷിന്റെ ചോദ്യം ചെയ്യൽ ഒമ്പതാം ദിവസത്തിലേക്ക് കടക്കുകയാണ്. ആരോപണങ്ങൾ അന്വേഷിക്കാനും കൊൽക്കത്ത ഹൈക്കോടതി ഇന്നലെ സിബിഐയോട് നിർദേശിച്ചിരുന്നു. ഘോഷിന്റെ നുണപരിശോധനയ്ക്ക് നേരത്തെ കോടതി അനുമതി നൽകിയിരുന്നു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അഞ്ച് സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുവാദം നൽകിയിരുന്നു. സന്ദീപ് ഘോഷിന്റെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തൽ. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികൾ സംബന്ധിച്ച് സിബിഐ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.




Sharing is Caring