പാലാരിവട്ടം മേല്‍പ്പാലം അഴിമതി: മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം സംബന്ധിച്ച്‌ നടന്ന അഴിമതിയില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. എറണാകുളത്തെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയും ക്രമക്കേടുകളും നടന്നിരുന്നുവെന്ന് വിജിലന്‍സ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പാലത്തിന്റെ നിര്‍മാണ സമയത്ത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്. ഇപ്പോള്‍ എം.എല്‍.എയും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവുമാണ് അദ്ദേഹം. പാലത്തിന്റെ നിര്‍മാണവുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ നേരത്തെ തന്നെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഗതാഗതത്തിനായി തുറന്ന് കൊടുത്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ പാലം അടച്ചിടേണ്ടതായി വന്നു. അഴിമതി മൂലം നിര്‍മാണത്തില്‍ സംഭവിച്ച ക്രമക്കേടുകളായിരുന്നു ഇതിന് കാരണം.


മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യണ്ട ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം മൂവ്വാറ്റുപുഴ വിജിലന്‍സ് കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുന്‍മന്ത്രിയെ വിജിലന്‍സ് ചോദ്യം ചെയ്തത്. ഉത്ഘാടന സമയം വരെയും ആരും ഇങ്ങനെയൊരു വീഴ്ച കണ്ടില്ലല്ലോ, അങ്ങനെ ഒരു വീഴ്ച കണ്ടിരുന്നെങ്കില്‍ ഇന്നത്തെ സര്‍ക്കാര്‍ മുഖ്യമന്ത്രിയെ കൊണ്ടുവന്ന് പാലം ഉത്‌ഘാടനം ചെയ്യുമായിരുന്നോ എന്നാണ് ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഇബ്രാഹിംകുഞ്ഞ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മുന്‍പും ഇങ്ങനെ പാലങ്ങള്‍ക്ക് കേടുപാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, കൊല്ലത്തുള്ള ‘ഏനാത്ത്’ പാലത്തില്‍ ഇത്തരത്തില്‍ കേടുപാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുന്‍മന്ത്രി പറഞ്ഞു.




Sharing is Caring