പാലക്കാട് വീടിന് നേരെ ബോംബേറ്; നാല് പേര്‍ ആശുപത്രിയില്‍


പാലക്കാട് കാഞ്ഞിരത്താണിയില്‍ വീടിന് നേരെ ബോംബേറ്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. വീടിന്റെ ഒരു ഭാഗവും വാഹനങ്ങളും കത്തി നശിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നം മൂലം നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഫൈസലിന്റെ വീടിന് അജ്ഞാത സംഘം തീയിട്ടത്. വീടിന് മുന്നില്‍ ഇരുചക്രവാഹനം, കാര്‍, ടിപ്പര്‍ ലോറി എന്നിവയുണ്ടായിരുന്നു. ഇതില്‍ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. വീടിന്റെ മുന്‍ഭാഗവും കത്തി നശിച്ചു. ഫൈസല്‍ ഇന്നലെ വീട്ടിലുണ്ടായിരുന്നില്ല.


ബന്ധുക്കളും അയല്‍വാസികളും ഓടി എത്തിയാണ് തീയണച്ചത്. പുക ശ്വാസിച്ചതിനെ തുടര്‍ന്ന് ഫൈസലിന്റെ ഭാര്യ റഹ്‌മത്ത്, എട്ടും, നാലും വയസുള്ള മക്കള്‍, റഹ്‌മത്തിന്റെ സഹോദര പുത്രന്‍ റമീസ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃത്താല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. രണ്ട് ദിവസം മുമ്പ് പ്രദേശത്തെ മറ്റൊരു വീടിന് നേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം എന്നാണ് പൊലീസിന്റെ നിഗമനം.



Sharing is Caring