പാലക്കാട് കോണ്‍ഗ്രസ് വനിത നേതാക്കളുടെ മുറികളിലെ റെയ്ഡ്;റിപ്പോര്‍ട്ട് തേടി വനിത കമീഷൻ


പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലെ കള്ളപ്പണ റെയ്ഡുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി വനിത കമീഷൻ.വനിതകള്‍ താമസിച്ചിരുന്ന മുറികളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് വനിത കമീഷൻ അധ്യക്ഷ പി.സതീദേവി റിപ്പോർട്ട് തേടിയത്. മഹിള കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി.


കെ.പി.എം ഹോട്ടലിലെ പാതിരാ പരിശോധനയില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ പരാതി നല്‍കിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. വനിതാ പൊലീസ് ഇല്ലാതെ മുറിയില്‍ പ്രവേശിക്കാൻ ശ്രമിച്ചെന്നും നിയമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിയില്‍ ആരോപിക്കുന്നു.


സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.നവംബർ അഞ്ചിന് രാത്രി 12 മണിയോടെയാണ് കെ.പി.എം ഹോട്ടലില്‍ അപ്രതീക്ഷിതമായി പൊലീസ് പരിശോധന നടത്തുന്നത്. ആദ്യമായി ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലാണ് പൊലീസ് എത്തിയത്.

വനിതാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ഷാനിമോള്‍ ഏറെനേരം വാതില്‍ തുറക്കാൻ കൂട്ടാക്കിയിരുന്നില്ല.പിന്നീട് വനിതാ പൊലീസ് എത്തി ഐ.ഡി കാർഡ് കാണിച്ച്‌ മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മുറി പരിശോധിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല



Sharing is Caring