പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം


പാറ്റൂര്‍ കേസിസുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അക്കാര്യം നേരിട്ടോ സത്യവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ചും കോടതിയ്‌ക്കെതിരെയും പോസ്റ്റുകള്‍ ഇടുന്നത് പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു. പാറ്റൂര്‍ കേസില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.


പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട ചില കണക്കുകള്‍ ജേക്കബ് തോമസ് നേരത്തെ ഫെയ്‌സ്ബുക്ക് വഴി പുറത്തുവിട്ടിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. അഞ്ചാം പാഠം: സത്യത്തിന്റെ കണക്ക് എന്ന പേരിലാണ് ജേക്കബ് തോമസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്.


സംഭവത്തില്‍ ജേക്കബ് തോമസ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് വിശദീകരണം നല്‍കിയിരുന്നില്ല. കേസ് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.



Sharing is Caring