പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഉപേക്ഷിച്ച്‌ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ സ്ഥലംവിട്ടു


തിരുവല്ല:ബസ് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഉപേക്ഷിച്ച്‌ ഡ്രൈവര്‍ സ്ഥലംവിട്ടു. ഗുരുവായൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ പി.വി.സുനില്‍ ആണ് ബസ് ഉപേക്ഷിച്ച്‌ മുങ്ങിയത്.ബുധനാഴ്ച വൈകിട്ട് 6.45 മണിയോടെ തിരുവല്ല ഡിപ്പോയിലാണ് സംഭവം. പത്തനംതിട്ട ഭാഗത്തേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് തിരുവനന്തപുരത്തേക്കുള്ള ബസ് പാര്‍ക്ക് ചെയ്തതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.


ഗുരുവായൂര്‍ ഡിപ്പോയിലെ എ ടി 324 ബസാണിത്. യാത്രക്കാരുടെ ബുദ്ധിമുട്ട് സ്‌റ്റേഷന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി ചോദ്യംചെയ്തതില്‍ ക്ഷുഭിതനായ ഡ്രൈവര്‍ പി.വി.സുനില്‍ നിറയെ യാത്രക്കാരുള്ള ബസില്‍ നിന്നിറങ്ങി പോകുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.യാത്രക്കാര്‍ ബഹളമുണ്ടാക്കിയതോടെ ഇവരെ പിന്നീട് മറ്റു ബസുകളില്‍ കയറ്റി അയക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കയ്യേറ്റം ആരോപിച്ച്‌ ഡ്രൈവര്‍ സുനില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. ബസ് പിന്നീട് ഗാരേജിലേക്ക് മാറ്റി.




Sharing is Caring