പഠാന്‍കോട്ട് രക്തസാക്ഷിയുടെ സഹോദരനും ഭാര്യയ്ക്കും നടുറോഡില്‍ മര്‍ദനം


പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കുല്‍വന്ത് സിങ്ങിന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയേയും നടുറോഡിലിട്ട് മര്‍ദ്ദിച്ചു. തട്ടിപ്പുനടത്തിയത് ചോദ്യം ചെയ്തതിനാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഹര്‍ദീപ് സിങ്, കുല്‍വിന്ദര്‍ കൗള്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്ഥലത്തെ ഒരു ട്രാവല്‍ ഏജന്റായ ഗുനാം സിങാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.


കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇവരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ഇപ്പോള്‍ ആശുപത്രിയിലാണ്.


ഫ്രാന്‍സിലേക്ക് പോകുന്നതിനായി ഗുനാം സിങിന് ഹര്‍ദീപ് എട്ടുലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഫ്രാന്‍സിലേക്കെന്ന് പറഞ്ഞ് ഹര്‍ദീപിന് നല്‍കിയത് വിസിറ്റിങ് വിസയില്‍ ഇന്തോനേഷ്യയിലേക്കുള്ള ടിക്കറ്റായിരുന്നു. 20 ദിവസം ഇന്തോനേഷ്യയില്‍ കഴിഞ്ഞ ഹര്‍ദീപ് തിരികെ എത്തി സ്ഥലത്തെ പഞ്ചായത്ത് കൗണ്‍സിലില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പില്‍ മൂന്നുലക്ഷം രൂപ തിരികെ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും പണം നല്‍കിയില്ല.

ഇതേതുടര്‍ന്ന് പോലിസില്‍ പരാതി നല്‍കാന്‍ പോകുന്ന വഴിയാണ് ഹര്‍ദീപിനെയും ഭാര്യ കുല്‍വിന്ദര്‍ കൗളിനെയുെ ഒരുസംഘം ആളുകള്‍ മര്‍ദ്ദിച്ചത്. കുല്‍വിന്ദറിനെ മുടിയില്‍ പിടിച്ച്‌ വലിച്ചിഴയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ട്രാവല്‍ ഏജന്റും അയാളുടെ ബന്ധുക്കളുമാണ് ആക്രമണത്തിന് പിന്നില്‍.



Sharing is Caring