നെയ്യാറ്റിന്‍കര അതിയന്നൂര്‍ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി ഇന്ന് കല്ലറ പൊളിക്കും. ഗോപന്‍ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നല്‍കിയ ഹര്‍ജിയില്‍ കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി ഇന്നലെ നിലപാട് എടുത്തിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നു തുടര്‍നടപടി സ്വീകരിക്കാന്‍ കലക്ടര്‍ അനുകുമാരി സബ്കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.സബ്കലക്ടറുടെ നേതൃത്വത്തില്‍ ഇന്നു തന്നെ കല്ലറയുടെ സ്ലാബ് ഇളക്കി മൃതദേഹം പുറത്തെടുക്കും. കല്ലറ പൊളിക്കുന്നത് പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തില്‍ തൊട്ടാല്‍ ചൈതന്യം പോകുമെന്നുമുള്ള വാദമാണ് കുടുംബത്തിന്. സമാധി ആകണമെന്ന് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്നും തങ്ങള്‍ അത് പൂര്‍ത്തികരിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.














