നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ നാല് വിദ്യാർത്ഥികള്‍ സി.ബി.ഐ കസ്റ്റഡിയില്‍


നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ നാല് വിദ്യാർത്ഥികള്‍ സി.ബി.ഐ കസ്റ്റഡിയില്‍. പട്ന എയിംസിലെ നാലു മെഡിക്കല്‍ വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസവും രണ്ട് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.


പങ്കജ് സിങ് , രാജു സിങ് എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പങ്കജ് സിങ് ചോദ്യപേപ്പർ മോഷ്ടിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജു സിങ് ചോദ്യപേപ്പറുകള്‍ വിതരണം ചെയ്തുവെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.


ജൂണ്‍ 23നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയില്‍ കേസെടുത്തത്. ജൂണ്‍ 27ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ, ജയ് ജലറാം സ്‌കൂള്‍ പ്രിൻസിപ്പല്‍, ഫിസിക്‌സ് അധ്യാപകൻ, ഹിന്ദി മാധ്യമ സ്ഥാപന മാർക്കറ്റിങ്‌ വിഭാഗത്തിലെ ജീവനക്കാരൻ, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രിൻസിപ്പല്‍, വൈസ് പ്രിൻസിപ്പല്‍ എന്നിവരും അറസ്റ്റിലായിരുന്നു.

ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം.നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.



Sharing is Caring