കോഴിക്കോട്: നിപ്പ വൈറസ് ആശങ്ക ഒഴിഞ്ഞു തുടങ്ങിയതോടെ ജനങ്ങള്‍ ഭീതി ഒഴിഞ്ഞ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചവര്‍ ഇന്ന് മുതല്‍ പൊതു സ്ഥലങ്ങളിലെത്തി തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ ജനത്തിരക്ക് സാധാരണ ഗതിയിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ ഇന്ന് രവിലെ മുതല്‍ ദൃശ്യമാണ്.
നേരത്തെ നിപ്പാ ഭീതിമൂലം ജനങ്ങള്‍ പുറത്തിറങ്ങാതായതോടെ പല റൂട്ടുകളിലും ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമായിരുന്നു. ഇതില്‍ നിന്ന് അല്‍പ്പം മാറ്റം വന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു. മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ പരസ്പരം ഭീതിയോടെ നോക്കുന്ന അവസ്ഥയ്ക്കും അയവ് വന്നതായി നഗരത്തിലെ വ്യാപാരികള്‍ പറഞ്ഞു. പെരുന്നാള്‍ അടുത്ത സമയത്ത് ലഭിക്കേണ്ട വരുമാനം ഇല്ലാതായതിന്റെ പ്രയാസം വരും ദിവസങ്ങളില്‍ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

നിപ്പാ വൈറസ് ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. തിങ്കളാഴ്ച പുതുതായി നിപ്പാ വൈറസ് ലക്ഷണങ്ങളുമായി ആരും ചികിത്സ തേടിയില്ല എന്നതും ആരോഗ്യവകുപ്പിന് ആശ്വാസമായി. നിലവില്‍ 24 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്ക് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഇവരെ നിരീഷിക്കുന്നത്.
മണിപ്പാല്‍ വൈറോളജി റിസര്‍ച്ച് സെന്ററില്‍ നിന്ന് തിങ്കളാഴ്ച ലഭിച്ച 17 സാന്പിള്‍ ഫലങ്ങളും നെഗറ്റീവാണ്. ഇതുവരെ ലഭിച്ച 244 ഫലങ്ങളില്‍ 220 എണ്ണവും നെഗറ്റീവാണ്. ഇതുവരെ 2,100 പേരാണ് ആരോഗ്യവകുപ്പിന്റെ സന്പര്‍ക്ക പട്ടികയിലുള്ളത്. 17 പേരാണ് നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചതെന്നാണ് കണക്ക്. ഇതില്‍ 16 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
പേരാമ്പ്ര സൂപ്പികടയിലെ സാമ്പത്തിനാണ് ആദ്യം വൈറസ് പിടിപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. സാന്പിത്തിന്റെ രക്തസാമ്പിളുകളും സ്രവങ്ങളും പരിശോധിച്ചിരുന്നില്ല. അതിനാലാണ് സാമ്പത്തിന്റെ മരണം നിപ്പ് വൈറസ് മൂലമാണന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കാത്തത്. നിപ്പ വൈറസ് സ്ഥിരീകരിച്ച് മരിച്ചവരില്‍ 13 പേര് കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരും മൂന്ന് പേര് മലപ്പുറം ജില്ലക്കാരുമാണ്.













