‘നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യ’; ആഞ്ഞടിച്ച്‌ ചൈന


അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇങ്ങനെയൊരു ആരോപണം ചൈനയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. ജൂണ്‍ ആറിന് നടന്ന കമാണ്ടര്‍ തല യോഗത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിര്‍മ്മിച്ച റോഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും എന്നാല്‍ പിന്നീട് അത് നിയന്ത്രണ രേഖ മുറിച്ചുകടന്ന് ആക്രമണം നടത്തുകയായിരുന്നെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു.


ഈ മാസം 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്‌വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് സാവോ ലീജിയാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ മേഖലയില്‍ ചൈനയാണ് പട്രോളിംഗ് നടത്തി വരുന്നത്. ചൈനയുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്ന് ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതെന്നാണ് ലീജിയാന്‍ ആരോപിക്കുന്നത്.




Sharing is Caring