നിപ: കോഴിക്കോട്ട് സ്ഥിരീകരിച്ചത് ബംഗ്ലാദേശ് വകഭേദം


കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസ് മനുഷ്യരില്‍നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്ന ബംഗ്ലാദേശ് വകഭേദമെന്ന് സംസ്ഥാന സര്‍ക്കാര്‍.ഈ വകഭേദം ഉയര്‍ന്ന മരണനിരക്കുള്ളതാണെങ്കിലും രോഗവ്യാപന ശേഷി കുറവാണെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു.


കോഴിക്കോട് ജില്ലയില്‍ നാല് പേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു. മരുതോങ്കര കള്ളാട് സ്വദേശി മുഹമ്മദലി ഓഗസ്റ്റ് 30നും ആയഞ്ചേരി സ്വദേശി മങ്ങലാട് ഹാരിസ് ഈ മാസം 11നുമാണ് മരിച്ചത്.


സംസ്ഥാനത്തെ നാലാമത്തെ നിപാ വൈറസ് ബാധയാണിത്. 2018ല്‍ ആദ്യമായി സ്ഥിരീകരിച്ച നിപ വൈറസ് ബാധയില്‍ 21 പേരാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ആദ്യ രോഗി മരിച്ച മരുതോങ്കര പഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്താണ് ചങ്ങരോത്ത്.

2019ലും 2021ലുമുണ്ടായ വൈറസ് ബാധയില്‍ രണ്ട് പേര്‍ മരിച്ചു. നിപ വൈറസിനെതിരായി ഇതുവരെ ചികിത്സയോ വാക്‌സിനുകളോ കണ്ടെത്തിയിട്ടില്ല. രോഗം ബാധിച്ച വവ്വാലുകള്‍, പന്നികള്‍ അല്ലെങ്കില്‍ മറ്റ് രോഗികകളുടെ ശാരീരിക ദ്രാവകങ്ങളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.

1999ല്‍ മലേഷ്യയിലും സിംപ്പൂരിലുമായാണ് ആദ്യമായി നിപ രോഗം സ്ഥിരീകരിക്കുന്നത്. പന്നിവളര്‍ത്തല്‍ കര്‍ഷകരിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. പന്നികള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് കരുതി രോഗസംക്രമണം തടയാന്‍ ദശലക്ഷക്കണക്കിനു പന്നികളെയാണ് അക്കാലത്ത് മലേഷ്യയില്‍ കൊന്നൊടുക്കിയത്.

ഇപ്പോഴത്തെ കേസുകളില്‍ സമ്ബര്‍ക്കത്തിലായ കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളിലായി 702 പേരാണ് സമ്ബര്‍ക്കപ്പട്ടികയിലുള്ളത്. ആദ്യം മരിച്ച ആളുടെ സമ്ബര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്ബര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്. മരിച്ച മുഹമ്മദ് അലിയുടെയും ഹാരിസിന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

നിപ സംശയിച്ച്‌ ഏഴ് സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. ഇതില്‍ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയുള്ള പരിശോധനകള്‍ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ജില്ലയില്‍ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.

കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നുണ്ട്. സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.



Sharing is Caring