തിരുവന്തപുരം:നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. യുഎന്‍എ പ്രതിനിധികളുമായി നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ശമ്പള പരിഷ്‌കരണ ഉത്തരവ് മാര്‍ച്ച് 31 നകം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി സംഘടനാ നേതാക്കളെ അറിയിച്ചു.
നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല നഴ്‌സ് സമരം നടത്താന്‍ യു.എന്‍.എ തീരുമാനിച്ചിരുന്നു. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ സംഘടന തീരുമാനിച്ചത്.

നഴ്സുമാരുടെ സമരം ഹൈക്കോടതി ഉത്തരവിലൂടെ തടഞ്ഞ സാഹചര്യത്തില്‍ കൂട്ട അവധിയെടുത്തായിരിക്കും നഴ്സുമാര്‍ പണിമുടക്ക് നടത്തുന്നതെന്ന് യു.എന്‍.എ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം അഞ്ചിന് വിധിക്കെതിരേ ഹൈക്കോടതിയില്‍ സംഘടന കക്ഷി ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കുക, സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, നേരത്തെ സമരം നടത്തിയതിന്റെ പേരില്‍ സ്വകാര്യആശുപത്രി മാനേജ്മെന്റുകള്‍ നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നഴ്സുമാരുമായും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളുമായും ലേബര്‍ കമ്മീഷണര്‍ നാളെ ചര്‍ച്ചക്ക് തീരുമാനിച്ചിട്ടുള്ളത്.













