നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്ന് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ നടന് ആശംസകൾ നേർന്നിട്ടുണ്ട്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം കാസനോവയിലൂടെയായിരുന്നു അർജുൻ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ അർജുന് സാധിച്ചു. ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

സുസുധി വാത്മീകം, മാസ്റ്റർപീസ്, ഷൈലോക്ക് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് നടന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അഭിനേതാവ് എന്നതിനുപരി ഒരു ബിഡിഎസ് ബിരുദധാരിയുമാണ്.













